Kerala News

അഖിലേന്ത്യ പണിമുടക്ക് ആരംഭിച്ചു: കേരളം പൂർണ്ണ സ്തംഭനം; 30 കോടി തൊഴിലാളികൾ സമരരംഗത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് അർദ്ധരാത്രി മുതൽ രാജ്യത്തുടനീളം ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമായിരിക്കുമെന്ന് സമരസമിതി അറിയിച്ചു.

പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, എംജിഎൻആർഇജിഎ (തൊഴിലുറപ്പ് പദ്ധതി) ശക്തിപ്പെടുത്തുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെ പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ കർഷക സംഘടനകളും ഒന്നിച്ചാണ് സമരത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തുടനീളം ഏകദേശം 30 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

കേരളത്തിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ഗതാഗത സേവനങ്ങൾ നിലയ്ക്കും. ബാങ്കിംഗ് മേഖലയിലും കാര്യമായ തടസ്സം പ്രതീക്ഷിക്കുന്നു. മിക്ക സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ടവരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികൾ, പാൽവിതരണം, പത്രവിതരണം, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കും. കൊച്ചി മെട്രോയും വാട്ടർ മെട്രോയും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ ചുരുക്കുന്ന ലേബർ കോഡുകൾക്കെതിരായ ശക്തമായ പ്രതിഷേധമായിരിക്കും ഈ പണിമുടക്കെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *