Kerala News

ലോകോത്തര ആയുർവേദ ഗവേഷണ കേന്ദ്രമായി ഐആർഐഎ; ഫെബ്രുവരി 25ന് മുഖ്യമന്ത്രി സമർപ്പണം നിർവഹിക്കും

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച് ആഗോള മികവിന്റെ കേന്ദ്രമായി ഉയരുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ സഹകരണങ്ങളും ഇവിടെ സാക്ഷാത്കരിക്കപ്പെടും. ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ഈ സ്ഥാപനം ആദ്യഘട്ടത്തിൽ 200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളോടെയാണ് മുന്നേറുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡൽ പേഷ്യന്റ് കെയർ സെന്റർ, താളിയോല പഠന കേന്ദ്രം, അഡ്വാൻസ്ഡ് മെഡിസിനൽ പ്ലാന്റ് നഴ്സറി എന്നിവ ഉൾപ്പെടുന്ന സമഗ്ര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കാൻസർ ഉൾപ്പെടെയുള്ള ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്ന ഐആർഐഎ, ജനിതകശാസ്ത്രം മുതൽ ഔഷധസസ്യ വികസനം വരെ വ്യാപിക്കുന്ന ആറു പ്രത്യേക വകുപ്പുകളിലൂടെ പ്രവർത്തിക്കും. ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഹെൽത്ത് ഹെറിറ്റേജ് സംരക്ഷണം, ഐ.സി.ടി സർവീസസ് എന്നിവ ഉൾപ്പെടെ ആയുർവേദ ഗവേഷണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ഘടനയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 20ന് ശാസ്ത്രീയ സമ്മേളനവും 22 മുതൽ 25 വരെ ആയുർവേദ എക്സ്പോയും കണ്ണൂരിൽ നടക്കും. മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ, കേരളത്തിന്റെ ആയുർവേദ പാരമ്പര്യം ആഗോള വേദിയിൽ ശക്തമായി ഉയർത്തിപ്പിടിക്കാനുള്ള മഹത്തായ നീക്കമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *