Kerala News

സ്ത്രീസുരക്ഷാ പദ്ധതി: സാമ്പത്തിക സ്വാതന്ത്ര്യത്തിന് പുതിയ അധ്യായം; 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ₹1000

സംസ്ഥാനത്ത് സാമൂഹിക സുരക്ഷയുടെ പരിധി വിപുലീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ₹1000 വീതം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തിൽ തന്നെ 10,18,390 പേർക്ക് ആനുകൂല്യം ലഭ്യമാകുന്നു. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം അനുവദിക്കുന്നത്; അർഹരായ എല്ലാവർക്കും സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ ആത്മവിശ്വാസം ഉയരുമ്പോൾ അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്തായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെൻഡർ ബഡ്ജറ്റിംഗ് മാതൃക, കുടുംബശ്രീയുടെ വളർച്ച, പിങ്ക് പൊലീസ് സംവിധാനം, ഷീ ലോഡ്ജുകൾ, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ നിയമങ്ങൾ തുടങ്ങിയ നടപടികൾ സ്ത്രീശക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യവും വിദ്യാഭ്യാസ പുരോഗതിയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് അടിത്തറയായതായി ഓർമ്മിപ്പിച്ച അദ്ദേഹം, സ്ത്രീകളുടെ മാന്യമായ ജീവിതാവകാശം ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും ‘സ്ത്രീസുരക്ഷാ പദ്ധതി’ അതിന്റെ പുതിയ അധ്യായമാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *