കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമായി കോഴിക്കോട് ജയിലിൽ റിമാൻഡിലായിരുന്നു.
9000 രൂപയുടെ ബോണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മാസത്തിൽ രണ്ട് തവണ ഹാജരാകണമെന്ന വ്യവസ്ഥയും ഉള്‍പ്പെടെയാണ് ജാമ്യം. മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും അവസാന ആഴ്ചയിലെ ഒരു ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ 21 ദിവസമായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പ്രതിയെ തുടർച്ചയായി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.
ജനുവരി 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരില്‍ തിരക്കേറിയ സ്വകാര്യ ബസില്‍ ദീപക് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മനംനൊന്ത് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍നിന്നാണ് പൊലീസ് പിടികൂടിയത്.





