ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5 വരെയായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങൾ വർധിപ്പിച്ചതെന്ന് വി ജോയി എം എൽ എ അറിയിച്ചു. തീർത്ഥാടനത്തിനു മുന്നോടിയായി ശിവഗിരിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്ത മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള തീർത്ഥാടകർക്ക് ഇതിൽ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാൻ ഇതു വഴിയൊരുക്കുമെന്നും എം എൽ എ പറഞ്ഞു.
പതിവുപോലെ തീർത്ഥാടനത്തിൻ്റെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബർ 30, 31, 2025 ജനുവരി 1 ദിവസങ്ങളിൽ ലക്ഷകണക്കിന് തീർത്ഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് തീർത്ഥാടന ദിവസങ്ങൾ വർധിപ്പിച്ചതു കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
യോഗത്തിൽ ആരോഗ്യ, പോലീസ്, പി.ഡി.ബി., വൈദ്യുതി വകുപ്പുകൾ ഉൾപ്പെടെയുള്ള വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥർ പങ്കെടുത്തു. ശിവഗിരി ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ഋതംബരാനന്ദ സ്വാമി, വി ജോയി എം എൽ എ, അടൂർ പ്രകാശ് എം പി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.