പാലക്കാട്: പ്രശസ്ത സിനിമ, സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് രാവിലെ ഷൊർണൂർ പികെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
മീന ഗണേഷ് നൂറിലധികം സിനിമകളിലും 25-ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,’ ‘കരുമാടിക്കുട്ടൻ,’ ‘നന്ദനം,’ ‘മീശമാധവൻ’ എന്നീ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു.
1942-ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ച മീന, ആദ്യകാല തമിഴ് നടനായ കെ.പി. കേശവന്റെ മകളാണ്. സ്കൂൾ കാലഘട്ടം മുതൽ നാടകവേദിയിൽ സജീവമായിരുന്നു. കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചു. 1976-ൽ പുറത്തിറങ്ങിയ ‘മണിമുഴക്കം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 1991-ലെ ‘മുഖചിത്രം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
1971-ൽ പ്രശസ്ത നാടകകൃത്തും നടനുമായ എ.എൻ. ഗണേഷിനെ വിവാഹം കഴിച്ച മീന, ഭർത്താവിനൊപ്പം ഷൊർണൂരിൽ ‘പൗർണ്ണമി കലാമന്ദിർ’ എന്ന നാടകസംഘം ആരംഭിച്ചു. കെ.പി.എ.സി., എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, ചാലക്കുടി സാരഥി തുടങ്ങിയ നാടകസമിതികളിൽ മീന അഭിനയിച്ചു.
ചാലക്കുടി സാരഥി തീയേറ്റേഴ്സിന്റെ ‘ഫസഹ്’ എന്ന നാടകത്തിൽ കുൽസുമ്പി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വാൽക്കണ്ണാടി,’ ‘പുനരധിവാസം’ തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു.
സീരിയൽ സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.