Kerala News

മാധ്യമരംഗത്തെ ജീവിതസമർപ്പണത്തിന് അംഗീകാരം: സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ ദീർഘകാലവും സമഗ്രവുമായ സംഭാവനകൾ മുൻനിർത്തി സംസ്ഥാന സർക്കാർ നൽകുന്ന 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രഗ്രന്ഥകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണന് സമ്മാനിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് പുരസ്‌കാര പ്രഖ്യാപനം നടത്തി. ഫെബ്രുവരി 5-ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നൽകും. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം സ്വദേശിയായ മലയിൻകീഴ് ഗോപാലകൃഷ്ണൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മാതൃഭൂമിയിൽ ന്യൂസ് എഡിറ്റർ, സ്പെഷ്യൽ കറസ്പോണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘നഗരപ്പഴമ’ എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പംക്തി പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതും ഏറെ ശ്രദ്ധ നേടിയതുമാണ്. ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. ടി. എൻ. സീമ, ഡോ. എം. വി. നാരായണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *