Kerala News

സബ്‌സിഡി സാധനങ്ങളുടെ ക്ഷാമം: മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സപ്ലൈകോ വിൽപ്പനശാലകളിൽ സബ്‌സിഡി ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഫെബ്രുവരി മാസത്തേക്കുള്ള ആവശ്യമായ ഉൽപ്പന്നങ്ങളുടെ ഇൻറന്റ് നിർദ്ദേശിച്ച സമയത്ത് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റോക്ക് ഔട്ട് സംഭവിക്കുകയും പൊതുജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് പ്രേം നാഥ് ആർ, പത്തനംതിട്ടയിലെ പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് സനിത കുമാരി എ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി ദേവ് എന്നിവരെയാണ് മാനേജിംഗ് ഡയറക്ടർ സസ്‌പെന്റ് ചെയ്തത്.

സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി പദ്ധതികൾ വഴിയുള്ള സാധനങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം ദുർബലപ്പെടുത്തുന്ന തരത്തിലുള്ള വീഴ്ചകൾക്ക് എതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയുടെ ഇടപെടൽ നിർണായകമാണെന്നും പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *