കൊച്ചി: മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകി. പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോടതി, പരസ്യം പുറത്തിറക്കിയ മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി.
മത്സരവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉത്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരമെന്ന വിഷയമുയരുന്നില്ലെന്നും ബെവ്‌കോ കോടതിയെ അറിയിച്ചു.
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനിരുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം. മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.





