തൃശൂർ: വിവാഹവും മനസ്സമ്മതച്ചടങ്ങും ചിത്രീകരിച്ച് ആൽബവും വീഡിയോ സി.ഡി യും നൽകാതെ സേവനത്തിൽ വീഴ്ച വരുത്തിയ കേസിൽ പരാതിക്കാരന് അനുകൂലമായി ഉപഭോക്തൃകോടതി വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ സമർപ്പിച്ച ഹർജിയിൽ കൊച്ചി എം.ജി റോഡിലെ മാട്രിമോണി.കോം ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെയാണ് ഉത്തരവ്.
വിവാഹവും മനസ്സമ്മതച്ചടങ്ങും ചിത്രീകരിച്ച് ആൽബവും വീഡിയോ സി.ഡി യും നൽകുന്നതിനായി ₹45,000 ഈടാക്കിയിട്ടും പലതവണ ആവശ്യപ്പെട്ടിട്ടും അവ കൈമാറിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുതുക്കാട് പള്ളിയിൽ മനസ്സമ്മതവും എറവ് കപ്പൽ പള്ളിയിൽ വിവാഹവും നടന്നതായി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ചടങ്ങുകൾ റെക്കോർഡ് ചെയ്തിരുന്നുവെങ്കിലും ആൽബവും സി.ഡി യും ലഭിച്ചില്ലെന്നാണ് പരാതിയിലുള്ളത്.
തെളിവുകൾ പരിശോധിച്ച പ്രസിഡണ്ട് സി.ടി. സാബുവും അംഗങ്ങളായ ശ്രീജ.എസ്., ആർ. റാംമോഹൻ എന്നിവരും ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി, എതിർകക്ഷിയുടെ നടപടി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തി. ഒരു മാസത്തിനകം ആൽബവും വീഡിയോ സി.ഡി യും നൽകുകയും ₹20,000 നഷ്ടപരിഹാരവും 10000 രൂപ ചിലവിലേക്ക് നൽകുകയും വേണമെന്ന് കോടതി വിധിച്ചു. നിർദ്ദിഷ്ട സമയപരിധിക്കകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ₹30,000 അധികമായി നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെണ്ണി ഹാജരായി വാദം നടത്തി.




