Kerala News

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദം: ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നടപടികളേക്കുറിച്ചും പരാമർശമുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും നടപടി.

2024 ഒക്ടോബറിലാണ് തൃശൂർ പൂരം വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും സംബന്ധിച്ച ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഉടൻ അന്തിമ തീരുമാനം ഉണ്ടാകില്ലെന്ന സൂചനയും ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *