Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: ശാസ്‌ത്രീയ തെളിവുകൾക്കായി സന്നിധാനത്ത് എസ്ഐടി പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ശാസ്‌ത്രീയ തെളിവുകൾക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് പരിശോധന ശക്തമാക്കി. ഹൈക്കോടതി അനുമതിയോടെ ശ്രീകോവിലിൽ നിന്നുള്ള സാമ്പിളുകൾ വീണ്ടും ശേഖരിക്കുകയാണ് സംഘം.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നട തുറന്നതിന് പിന്നാലെ എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി, തെക്കുവടക്കും വടക്കുകിഴക്കുമുള്ള തൂണുകൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ നടയടച്ച ശേഷവും സാമ്പിൾ ശേഖരണം തുടരുമെന്നാണ് വിവരം.

ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസസ്‌മെന്റ് വിദഗ്ധർ ഉൾപ്പെടെ 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ശേഖരിച്ച സാമ്പിളുകൾ മുംബൈയിലെ മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്ക്)ലേക്ക് അയച്ചു പരിശോധിക്കും. എക്‌സ്‌റേ ഫ്ലൂറസെൻസ് സ്‌പെക്ട്രോസ്കോപ്പി, ഇൻഡക്ടീവ്‌ലി കപ്പിൾഡ് പ്ലാസ്മ സ്‌പെക്ട്രോസ്കോപ്പി, ഒപ്റ്റിക്കൽ എമിഷൻ സ്‌പെക്ട്രോസ്കോപ്പി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും പരിശോധന.

2025 നവംബർ 16-ന് വൈകിട്ട് നട തുറന്നപ്പോൾ എടുത്ത സാമ്പിളുകൾ പരിശോധിച്ചത്‌ തിരുവനന്തപുരം വിഎസ്എസ്‌സിയിലാണ്. എന്നാൽ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും കൃത്യമായി നിർണയിക്കുന്നതിൽ ആ പരിശോധന പര്യാപ്തമല്ലെന്ന വിലയിരുത്തലിനെത്തുടർന്ന് ഹൈക്കോടതി അനുമതിയോടെ വീണ്ടും സാമ്പിൾ ശേഖരിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *