ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥ്’ എന്ന പേരിന്റെ അനാച്ഛാദനം നിർവഹിക്കും. ഇതോടെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് പുതിയ ചരിത്രത്തിലേക്ക് കടക്കുന്നു.
കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർഥിലേക്ക് മാറും. സേവാ തീർഥ്-1 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രവർത്തിക്കുക. ആധുനിക സാങ്കേതിക സൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സേവാ തീർഥ്-2 ൽ കാബിനറ്റ് സെക്രട്ടേറിയറ്റും സേവാ തീർഥ്-3 ൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും പ്രവർത്തിക്കും. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനിൽ നിന്ന് സേവാ തീർഥ്-2 ലേക്ക് മാറിയിട്ടുണ്ട്.
പിഎംഒയുടെ മാറ്റത്തോടെ പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളും അടുത്ത ആഴ്ചകളിൽ സൗത്ത് ബ്ലോക്കിൽ നിന്ന് മാറും. നോർത്ത് ബ്ലോക്ക് പൂർണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയതോടെ, പഴയ ഭരണകേന്ദ്രങ്ങൾ ചരിത്ര മ്യൂസിയങ്ങളായി മാറ്റാനാണ് സർക്കാർ തീരുമാനം.





