Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന് ഇഡി സമൻസ്; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച ഇഡിയുടെ മുൻപിൽ ഹാജരാകാനാണ് നിർദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്തിരുന്നു. ജയറാമും ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി. ശബരിമല സ്വർണക്കവർച്ച കേസിൽ അടുത്തിടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങൾ ജയറാമിന്റെ വീട്ടിലെത്തിച്ച് അവിടെ വച്ച് പൂജ നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വീട്ടിൽ പൂജ നടത്തിയാൽ ഐശ്വര്യം ലഭിക്കുമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശത്തെ തുടർന്നാണ് പൂജ നടത്തിയതെന്ന് ജയറാം വ്യക്തമാക്കിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെയോ തട്ടിപ്പുകളെയോ കുറിച്ച് തനിക്കറിയില്ലെന്നും താൻ കടുത്ത അയ്യപ്പ ഭക്തനാണെന്നും ജയറാം എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എല്ലാ വർഷവും ശബരിമല ദർശനം നടത്താറുണ്ടെന്നും അവിടെ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *