ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾ അടക്കമുള്ള ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ അഖിലേന്ത്യാ പണിമുടക്ക് നാളെ (ബുധനാഴ്ച) അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ നടക്കും. തൊഴിലാളികൾക്കൊപ്പം കർഷക-കർഷകത്തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബഹുജന സംഘടനകളും വ്യാഴാഴ്ച തെരുവിലിറങ്ങും. ആയിരത്തിലധികം കേന്ദ്രങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കാൽനട ജാഥ, വാഹന റാലി, ട്രാക്ടർ റാലി തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമായി ഉണ്ടാകും.
തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി-വിത്ത് ഭേദഗതി ബില്ലുകൾ റദ്ദാക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം എഫ്‌ഡിഐയ്ക്കും ആണവോർജ മേഖലയിലെ സ്വകാര്യവൽക്കരണത്തിനുമെതിരെ ശക്തമായ പ്രതിഷേധമുയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിന്റെ കേന്ദ്രബിന്ദു. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരെയും ജനവികാരം ഉയരുമെന്ന് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി. ദേശീയ പൊതുപണിമുടക്കിലൂടെ ഇന്ത്യയിലെ പോരാട്ടങ്ങളുടെ പുതുയുഗം ആരംഭിക്കുകയാണെന്ന് സിഐടിയു വൈസ് പ്രസിഡന്റ് തപൻ സെൻ പറഞ്ഞു. തൊഴിലാളി ക്ഷേമത്തിന് ബജറ്റിൽ ഒന്നുമില്ലെന്നും ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ വിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യമെങ്ങും പണിമുടക്കുണ്ടാകുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗറും വ്യക്തമാക്കി.





