Kerala News

സംസ്ഥാനത്ത് നാലിടത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പ്രദേശങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് യുവി സൂചിക എട്ട് ആയി ഉയർന്നത്. ഇതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ട് മുതൽ പത്ത് വരെയുള്ളത് ആരോഗ്യപരമായി ഉയർന്ന അപകടസാധ്യതയുള്ള പരിധിയാണെന്ന് അധികൃതർ അറിയിച്ചു.

ഇതിന് പുറമെ ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലും ആറു മുതൽ ഏഴ് വരെ യുവി സൂചിക രേഖപ്പെടുത്തിയതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി ശക്തമായ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.

പകൽ 10 മണി മുതൽ 3 മണി വരെയാണ് യുവി സൂചിക ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ നേരം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത മേഖലയിലെ പ്രവർത്തകർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ത്വക്ക്-നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം.

പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *