കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായിരുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്-2 ക്ലിയറൻസ് ലഭിച്ചു. തുരങ്കപ്പാത നിർമാണവുമായി ബന്ധപ്പെട്ട അന്തിമ അനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിൽ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാൻ സാധിക്കും. ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഈ പദ്ധതി കിഫ്‌ബി ധനസഹായത്തോടെ 2134.5 കോടി രൂപ ചെലവിൽ നാലുവരി പാതയായി നിർമ്മിക്കും.
നിർവഹണ ഏജൻസിയായി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് പ്രവർത്തിക്കും. ആകെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററുമാണ് ഉൾപ്പെടുന്നത്. ഇതിൽ 8.1 കിലോമീറ്റർ ഇരട്ട ടണലായിരിക്കും.





