ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിച്ച ‘സംസദ് ചലോ’ പ്രതിഷേധ മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയെ ഇടത് പാർട്ടികൾ ശക്തമായി അപലപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച ഇടത് പാർട്ടികൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ വിജു കൃഷ്ണൻ, അരുണ്‍ കുമാർ, മറിയം ധവാലെ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചുവെന്ന് സിപിഎം ആരോപിച്ചു. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും വിദ്യാർത്ഥി സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും പാർട്ടി വ്യക്തമാക്കി.




