കൊൽക്കത്ത: ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പശ്ചിമ ബംഗാൾ സർക്കാർ. സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള അധ്യായം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് ബർമനാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിനും പ്രമുഖ വ്യക്തിത്വങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയോഗിച്ച സമിതി പ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ പരിഷ്കാരത്തിൻ്റെ ഭാഗമായി എല്ലാ പാഠപുസ്തകങ്ങളിലും ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ഹ്രസ്വവിവരണം ഉൾപ്പെടുത്തും. അതേസമയം, വ്യവസായ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സിംഗൂരിൽ നടന്ന പ്രക്ഷോഭത്തെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.





