Kerala News

‘കണ്ടും മിണ്ടിയും ഇരുവര്‍’; ലാല്‍–പിണറായി അഭിമുഖം ഇന്ന് വൈകിട്ട് റിലീസ് ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്ന പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും റിലീസ് ചെയ്യും. രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖം സംവിധാനം ചെയ്തത് ടി.കെ. രാജീവ് കുമാർ ആണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും തുറന്നുപറയുന്ന സംഭാഷണങ്ങളാണ് അഭിമുഖത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ‘ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍’ എന്ന ടാഗ്‌ലൈന്‍ തന്നെ ഇതിനോടകം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ക്ലിഫ് ഹൗസിലെ സൗഹൃദ നിമിഷങ്ങളും ലാളിത്യമാര്‍ന്ന സംഭാഷണങ്ങളും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍, യഥാര്‍ഥ ജീവിതത്തില്‍ സിനിമാ രംഗങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍, ജീവിതത്തിലെ പശ്ചാത്താപങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള തുറന്ന മറുപടികള്‍ ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടിയിട്ടുണ്ട്. ‘ദിനേശനും ദാസനും ഉള്‍പ്പെടെ എത്രയേറെയുണ്ട്’ എന്ന മുഖ്യമന്ത്രിയുടെ മറുപടിയോട് ലാല്‍ പൊട്ടിച്ചിരിയ്ക്കുന്ന നിമിഷവും ‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്ന രംഗവും ടീസറിലെ ഹൈലൈറ്റുകളാണ്. രാഷ്ട്രീയവേദികളില്‍ ചര്‍ച്ചയായ അഭിമുഖം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാണാനായി കാത്തിരിക്കുകയാണ് കേരളം.

Leave a Reply

Your email address will not be published. Required fields are marked *