Kerala News

‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; പ്രവേശന നിരക്കുകൾ പ്രഖ്യാപിച്ചു

തൃശൂർ: ഏറെ പ്രതീക്ഷകൾക്കൊടുവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആദ്യ സന്ദർശനം ആരംഭിക്കും. 14 ആവാസവ്യവസ്ഥകളിലായി 330-ലധികം മൃഗങ്ങളെയാണ് പാർക്കിലേക്ക് മാറ്റിയിരിക്കുന്നത്. തൃശൂർ മൃഗശാലയിലെ മാനുകൾ, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികൾ, സിംഹവാലൻ കുരങ്ങുകൾ എന്നിവ ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാൻ നാല് കോടി രൂപ അഡ്വാൻസായി നൽകിയതായും മന്ത്രി അറിയിച്ചു.

പ്രവേശന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും; തിങ്കളാഴ്ച അവധിയാണ്. മുതിർന്നവർക്ക് ₹100, 5 മുതൽ 12 വയസ് വരെ കുട്ടികൾക്ക് ₹30, മുതിർന്ന പൗരന്മാർക്ക് ₹50 എന്നിങ്ങനെയാണ് നിരക്കുകൾ. ഭിന്നശേഷിക്കാർക്ക് സൗജന്യ പ്രവേശനവും കിൻഡർഗാർട്ടൻ മുതൽ നാലാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് ഫ്രീ പ്രവേശനവും ഉണ്ടായിരിക്കും. സ്കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ ഒരുക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ കഫറ്റീരിയ, ഫുഡ് കിയോസ്‌ക്കുകൾ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ സജ്ജമാണ്. കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ രണ്ട് നോൺ എ.സി ഇലക്ട്രിക് ബസുകൾ സന്ദർശകർക്കായി സർവീസ് നടത്തും. പാർക്കിന്റെ നടത്തിപ്പിന് അഡ്വൈസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉൾപ്പെടുന്ന സൊസൈറ്റി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *