International News

സൗദിയും ഒമാനും വ്യോമമേഖല തുറന്നു; ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ച് വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെ അടച്ചിരുന്ന വ്യോമമേഖല വീണ്ടും തുറന്ന് സൗദിയും ഒമാനും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ പുനരാരംഭിച്ചു. ജിദ്ദയിലേക്കും മസ്‌കത്തിലേക്കുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വീണ്ടും ആരംഭിച്ചു. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തും. കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.

ഇന്‍ഡിഗോ ഗള്‍ഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസുകള്‍ നടത്തും. ജിദ്ദ–കോഴിക്കോട്, കൊച്ചി–മസ്‌കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. സ്‌പൈസ്‌ജെറ്റ് 14 സര്‍വീസുകള്‍ നടത്തുമ്പോള്‍ ഭൂരിഭാഗവും ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ്. എമിറേറ്റ്‌സ് ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് ഭാഗിക സര്‍വീസ് നടത്തുമെന്നും അറിയിച്ചു. അതേസമയം ആകാശ എയര്‍ മുംബൈ–ജിദ്ദ സര്‍വീസ് ഇന്ന് നടത്തും. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ വരെ 2,300ലേറെ വിമാന സര്‍വീസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ട്; ഇതില്‍ 1,700ലധികം ഇന്ത്യന്‍ കമ്പനികളുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *