ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരില്‍ വന്‍മാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറാക്കി മാറ്റിയപ്പോള്‍, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാണ് പുതിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്ക് മാറ്റി. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറായും റിട്ടയേര്‍ഡ് ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറായും നിയമിതരായി. ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്ന് മാറ്റി. തമിഴ്നാട് ഗവര്‍ണര്‍ ടി.എന്‍. രവിയെ പശ്ചിമ ബംഗാളിലേക്ക് നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ച സാഹചര്യത്തിലാണ് ഈ മാറ്റം. അതേസമയം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് തമിഴ്നാട് ഗവര്‍ണറുടെ അധിക ചുമതലയും നല്‍കി.





