Kerala News

രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട നൽകി കുടുംബം

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധത്തിന് വിധേയനായി ഹരീഷ് റാണ മടങ്ങി. രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയതിന് ശേഷം നടക്കുന്ന ആദ്യത്തെ സംഭവമാണിത്. 13 വര്‍ഷത്തോളം കോമയിലായിരുന്ന ഹരീഷിൻ്റെ ജീവന്‍ രക്ഷാ ഉപാധികള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗാസിയാബാദിലെ വീട്ടില്‍ കുടുംബവും സുഹൃത്തുക്കളും നടത്തിയ വിടവാങ്ങല്‍ ചടങ്ങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് 2013ലാണ് കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോമയിലായിരുന്ന ഹരീഷിന് ശ്വാസമെടുക്കാന്‍ ട്രാക്കിയോസ്‌റ്റോമി ട്യൂബും ഭക്ഷണം നല്‍കാനായി ഗ്യാസ്‌ട്രോജെനുസ്‌റ്റോമി ട്യൂബുമാണ് ഉപയോഗിച്ചിരുന്നത്.

ഹരീഷ് റാണ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസ് ഇതോടെ ഇന്ത്യയുടെ മെഡിക്കല്‍-ലീഗല്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാകുകയാണ്. ‘എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി’ എന്ന് ബ്രഹ്‌മകുമാരി സഭയിലെ സിസ്റ്റര്‍ ഹരീഷിന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി കൊണ്ട് പറഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയെല്ലാം മനസ് വിതുമ്പി. തൊട്ടരുകിലിരുന്ന് മകനെ അവസാനമായി നോക്കി കാണുന്ന അമ്മയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.

13 വര്‍ഷത്തെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി ഹരീഷിന് ദയാവധം അനുവദിച്ചത്. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, കെവി വിശ്വനാഥന്‍, എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷ് റാണയുടെ പിതാവിൻ്റെ ആവശ്യം പരിഗണിച്ചത്. എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും മകൻ്റെ ജീവിതം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് ഹരീഷിൻ്റെ മാതാപിതാക്കള്‍ ദയാവധം വേണമെന്ന ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *