Economy International

യുദ്ധം തുടരുമെന്നറിയിച്ച് ഇസ്രയേൽ

മൂന്നാഴ്ച കൂടി യുദ്ധം തുടരാന്‍ സജ്ജരാണെന്ന് അറിയിച്ച് ഇസ്രയേല്‍. ഇറാനെതിരെ സൈനിക നടപടികള്‍ക്കുള്ള പദ്ധതികളുടെ ആസുത്രണത്തിലാണ് തങ്ങളെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാൻ്റെ മിസൈല്‍ സംവിധാനങ്ങള്‍, ആണവ സൗകര്യങ്ങള്‍, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണങ്ങള്‍ തുടരാനാണ് പദ്ധതി. ഇസ്രയേലിൻ്റെ സൈനിക വക്താവ് നദവ് ഷോഷാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാൻ്റെ കഴിവിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഒരു വ്യക്തമായ അവസാനമില്ലാതെ, സമാധാന ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെയാണ് ഇരു രാജ്യങ്ങളും ഇറാനുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊര്‍ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണയുടേയും പാചക വാതകത്തിൻ്റേയും വലിയൊരു പങ്ക് ഈ കടല്‍മാര്‍ഗമായിരുന്നു എത്തിയിരുന്നത്. മേഖലയിലെ തടസങ്ങള്‍ എണ്ണ വില വര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്. ഇതുവഴി ആഗോള പണപ്പെരുപ്പത്തെകുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളോട് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായം തേടി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. അംഗരാജ്യങ്ങള്‍ അമേരിക്കയെ പിന്തുണച്ചില്ലെങ്കില്‍ നാറ്റോ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതെസമയം ഇറാന്‍ ദുബായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അന്താരാഷ്ട്രാ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുഎഇയിലെ എണ്ണ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *