ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളില്‍ മിസൈലാക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍-യുഎസ് രാജ്യങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് പുതിയ ആക്രമണങ്ങൾ ഇറാന്‍ നടത്തിയിരിക്കുന്നത്.
തെക്കന്‍ ഇസ്രയേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഇസ്രയേലിലെ അതീവ സുരക്ഷ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ മേഖലകളിലാണ്.
അതെസമയം ഇറാന്‍ ഉപയോഗിച്ച മിസൈലുകളെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈല്‍ നേരിട്ട് പതിക്കുകയായിരുന്നു. നിരവധി പേരുടെ നില ഗുരുതരമാണ്. ‘ടു-സ്റ്റേജ് ഇന്റര്‍കോണ്ടിനെൻ്റല്‍ ബാലിസ്റ്റിക് മിസൈല്‍’ ഉപയോഗിച്ചാണ് ഇറാൻ്റെ ആക്രമണമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിര്‍ പ്രതികരിച്ചു. ഇതോടെ ഇറാൻ്റെ കയ്യിലുള്ളത് അത്യാധുനിക മിസൈലുകളാണെന്ന് വ്യക്തമായിരിക്കുകയാണ്.





