Business Economy International

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് സര്‍വ്വനാശം: ട്രംപ്


ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാൻ്റെ ഊര്‍ജകേന്ദ്രങ്ങളെ തരിപ്പണമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂര്‍ സമയമാണ് ഇറാന് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള യുഎസിൻ്റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ ശാലകളും നശിപ്പിച്ച് കളയുമെന്നാണ് ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ്റെ പ്രതികരണം.

യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഭൂരിഭാഗം ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് ഹോര്‍മുസില്‍ ഇറാന്‍ തടഞ്ഞത്. ലോകമെമ്പാടുമുള്ള ഉപഭോഗത്തിനായി അഞ്ചിലൊന്ന് ക്രൂഡ് ഓയിലും, ശീതീകരിച്ച പ്രകൃതിവാതവും ഹോര്‍മുസിലൂടെയായിരുന്നു എത്തിയിരുന്നത്. ഈ പാത അടച്ചതോടെ ലോകരാഷ്ട്രങ്ങളില്‍ ഊര്‍ജ പ്രതിസന്ധി തുടരുകയാണ്. ക്രൂഡ് ഓയില്‍ വില പല രാജ്യങ്ങളിലും ഉയര്‍ന്നതോടെ സര്‍ക്കാരുടെ പ്രവര്‍ത്തനങ്ങളും തകരാറിലായിട്ടുണ്ട്.

ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറാൻ്റെ ഹോര്‍മുസ് ഉപരോധത്തെ നേരത്തെ അപലപിച്ചിരുന്നു. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളെ തടസ്സപ്പെടുത്തരുതെന്നും ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും യൂറോപ്യന്‍ യൂണിയന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *