തൃശ്ശൂര്‍ ജില്ലാ ഗവ. പ്ലീഡറും, പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.ബി. സുനില്‍കുമാര്‍ വിരമിച്ചു. മാര്‍ച്ച് 19 ന് കാലാവധി പൂര്‍ത്തിയാക്കിയാണ് പ്രസ്തുത പദവിയില്‍ നിന്നും അഡ്വ. സുനിൽ കുമാർ വിരമിച്ചത്. 2016 ഡിസംബര്‍ മാസം തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡറായി ചാര്‍ജ്ജെടുത്ത സുനില്‍കുമാറിന് 2022 ജൂണ്‍ മാസം മുതല്‍ ജില്ലാ ഗവ. പ്ലീഡറുടെ പൂര്‍ണ്ണ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. തുടര്‍ന്ന് 2023 മാര്‍ച്ച് മാസം ജില്ലാ ഗവ. പ്ലീഡര്‍ & ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. ജില്ലാ ഗവ. പ്ലീഡറുടെ പ്രായപരിധിയായ 60 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് അദ്ദേഹം പദവിയില്‍ നിന്നും വിരമിക്കുന്നത്. 2017 കാലഘട്ടത്തില്‍ ചാവക്കാട് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അധികച്ചുതമലയും കെ.ബി. സുനില്‍കുമാര്‍ വഹിച്ചിട്ടുണ്ട്.
1998ല്‍ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി സുനില്‍കുമാര്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ചാലക്കുടിയിലെ സാമൂഹ്യ സേവന രംഗത്തും, സാംസ്ക്കാരിക രംഗത്തും നിറസാന്നിദ്ധ്യമായ സുനിൽ കുമാർ മെര്‍സി കോര്‍പ്സ് എന്ന ചാരിറ്റബിള്‍ സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ്. മെര്‍സി കോര്‍പ്സ് മുഖേനെ ഭവനരഹിതരായ നിരവധി പാവപ്പെട്ടവര്‍ക്ക് വീട് പണിതു നല്‍കുകയും, അഗതികളായ രോഗികള്‍ക്ക് മാസംതോറും ക്ഷേമപെന്‍ഷനുകളും നല്‍കിവരുന്നുണ്ട്.
പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ നിരവധി കൊലക്കേസുകളിലും, മയക്കുമരുന്നു കേസുകളിലും അദ്ദേഹം പ്രോസിക്യൂഷനു വേണ്ടി ഹാജരായി വാദം നടത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. വിവിധ ജാമ്യാപേക്ഷകളിലും അദ്ദേഹം സര്‍ക്കാരിനു വേണ്ടി ഹാജരായി വിജയം നേടിയിരുന്നു.
മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായ നാച്ചു വധക്കേസ്, അന്തിക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആദര്‍ശിനെ കൊലപ്പെടുത്തിയ കേസ്, പുതുക്കാട് 5 വയസ്സുകാരനെ അമ്മാവന്‍ വെട്ടിക്കൊന്ന കേസ്, അന്തിക്കാട് കലേഷ് എന്ന യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയ കേസ്, ചേര്‍പ്പില്‍ ബംഗാളിയെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്, ശക്തന്‍ നഗറില്‍ കിടന്നുറങ്ങുകയായിരുന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസ്, കൊടുങ്ങല്ലൂരില്‍ 10 വയസ്സുള്ള ബാലികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് ചെറുത്തപ്പോള്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, കാടുകുറ്റിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്, വടക്കാഞ്ചേരിയില്‍ 5 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്, കൊടുങ്ങല്ലൂര്‍, കൊടകര, വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വലിയ അളവില്‍ കഞ്ചാവ് കടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നിരവധി കേസുകളില്‍ അദ്ദേഹം പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്.
അഡീഷണല്‍ ഗവ. പ്ലീഡര്‍ ആയിരുന്ന കാലയളവില്‍ പുറമ്പോക്ക് കയ്യേറ്റം, വനഭൂമി കയ്യേറ്റക്കേസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സിവില്‍ കേസുകളിലും, ആര്‍ബിട്രേഷന്‍ കേസുകളിലും, സര്‍ക്കാരിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
കേസ് നടത്തിപ്പ് സംബന്ധിച്ച് വീഴ്ചകളില്ലാതെയും, യാതൊരു അഴിമതി ആരോപണങ്ങളുമില്ലാതെയാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തനകാലാവധി പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകനാകുന്നത് സര്‍ക്കാരിന്റെ കേസുകള്‍ അട്ടിമറിച്ച് അനധികൃതമായി സാമ്പത്തികനേട്ടമുണ്ടാക്കാനാണ് എന്നുള്ള പൊതുധാരണ നീക്കുന്നതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ 9 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്.





