ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
സാധുവായ അഡ്മിറ്റ് കാർഡ് ഹാജരാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
“ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 പരീക്ഷയുടെ റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി, സാധുവായ അഡ്മിറ്റ് കാർഡ് കാണിക്കുന്നവർക്ക് എല്ലാ ഡിടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കും,” രേഖ ഗുപ്ത വ്യക്തമാക്കി.
പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയും വിദ്യാർഥികൾക്ക് യാത്രാചെലവിൻ്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.





