Death Kerala

പിഐ ശങ്കരനാരായണൻ മറക്കാനാവാത്ത ഒരു ഭാഷാ-സംസ്കാര പോരാളി

പി വി കൃഷ്ണൻ കുറൂർ

പി.ഐ. ശങ്കരനാരായണൻ -മലയാള ഭാഷയേയും മലയാളിത്തത്തെയും അളവറ്റ് സ്നേഹിച്ചിരുന്ന ഒരു കവി. പാശ്ചാത്യ സംസ്കാരത്തെയും അവർ അവശേഷിപ്പിച്ചു പോയ ആചാര – പെരുമാറ്റ വിശേഷങ്ങളേയും അന്ധമായി അനുകരിക്കുന്നവരെ തുറന്നെതിർക്കാൻ ഒരു മടിയും കാണിക്കാത്ത തൻ്റേടിയായിരുന്നു അദ്ദേഹം.
കേക്ക് മുറിച്ചും, മെഴുകുതിരി ഊതിക്കെടുത്തിയും, “ഹാപ്പി ബെർത്ത് ഡേ ടൂ യൂ”പാടിയും പിറന്നാളാഘോഷിക്കുന്ന മലയാളിയോട് എന്നും കലഹിച്ചിരുന്ന ആളായിരുന്നു ശങ്കരനാരായണൻ. പകരം അദ്ദേഹം, ലളിതമലയാളത്തിൽ രണ്ടു വരി എഴുതി കാർഡിൽ അച്ചടിച്ച് പലർക്കും കൊടുത്തിരുന്നു.
മാതൃഭാഷ അവഗണിക്കപ്പെടുമ്പോഴൊക്കെ, അതിനു കാരണക്കാരാവുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നവർ എത്ര ഉന്നതരായാലും അവർക്കെതിരെ ശങ്കരനാരായണൻ്റെ മൂർച്ചയേറിയ വാക്കുകൾ എക്കാലത്തും ഉയർന്നിരുന്നു. ഭരണവ്യവസ്ഥകളോടും അദ്ദേഹം നിരന്തരം പോരടിച്ചു.

കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ മലയാള ഭാഷാ വാരാചരണം ഇന്ന് മലയാളികളുള്ള ഇതര രാജ്യങ്ങളിൽപ്പോലും സംഘടിപ്പിച്ചു വരുന്നുണ്ടല്ലോ. എന്നാൽ, ഇതിന് കാരണക്കാരൻ ശങ്കരനാരായണൻ എന്ന ഭാഷാസ്നേഹിയാണ് എന്ന വസ്തുത എത്ര പേർക്കറിയാം?

എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം നടത്തിയ പോരാട്ടത്തിൻ്റെ ഫലമാണത്. ശങ്കരനാരായണനെപ്പോലെ കുറെപ്പേർ, വർഷങ്ങളോളം സമരങ്ങളും പ്രചാരണങ്ങളും വ്യവഹാരങ്ങളുമൊക്കെ നടത്തിയതിൻ്റെ ഫലമായിട്ടാണ്, അടുത്ത കാലത്ത്, ഔദ്യോഗിക ഭാഷ മലയാളമാക്കിക്കൊണ്ട് ഉത്തരവു വന്നത്. അക്ഷരശ്ളോക കലയെ ഇഷ്ടപ്പെടുകയും ധാരാളം ശ്ളോകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പൂന്താനത്തിൻ്റെ ജ്ഞാനപ്പാന മുഴുവനായി ശ്ളോക രൂപത്തിൽ പുനരാവിഷ്കിച്ചിട്ടുണ്ട്. 27 വർഷം മുമ്പ്, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കെ.ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ ആദ്യമായി അക്ഷരശ്ളോക സദസ്സ് സംഘടിപ്പിച്ചപ്പോൾ, അതിൻ്റെ സെക്രട്ടറിയായിരുന്നു ശങ്കരനാരായണൻ. സനാതന ധർമ്മത്തിൻ്റെ ആശയങ്ങൾ, കഥകളിലൂടെയും പാട്ടുകളിലുടെയുംകുട്ടികൾക്ക് ലളിതസുന്ദരമായി പറഞ്ഞു കൊടുക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. ബാലസാഹിത്യത്തിൽ തൻ്റെതായ സംഭാവനകൾ നൽകി. ധാരാളം കുട്ടിക്കവിതകളും കഥകളുമെഴുതി.

രാമായണ കഥകൾ പുനരാഖ്യാനം ചെയ്തു കൊണ്ട്, പത്രപംക്തികളിലൂടെയും ആകാശവാണിയിലൂടെയും കിട്ടിയ അവസരങ്ങളിലൊക്കെ, അദ്ദേഹം, ധാർമ്മിക ജീവിതത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വിളംബരം ചെയ്യാൻ ശ്രമിച്ചു. പ്രസാധന രംഗത്തെ ദുഷ്പ്രവണതകളിൽ മനം മടുത്ത് അദ്ദേഹം സ്വന്തമായൊരു പ്രസാധനശാലയുണ്ടാക്കി. കടുത്തസാമ്പത്തിക ക്ളേശങ്ങൾക്കിടയിലും സ്വന്തം പുസ്തകങ്ങൾ താൻ തന്നെ അച്ചടിപ്പിച്ച്, താൻ തന്നെ വിതരണം ചെയ്തു.

ആശയപരമായി വിയോജിക്കേണ്ടി വരുമ്പോൾ, അത്,ഏതു പ്രസ്ഥാനത്തോടായാലും വ്യക്തിയോടായാലും, തുറന്നു പറയാനുള്ള ആർജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു.
വടക്കേ മലബാറിൽ ജനിച്ച്, ഉദ്യോഗാർത്ഥം എറണാകുളത്തു വന്ന്, കൊച്ചിയുടെ സാംസ്കാരിക സ്പന്ദനങ്ങളോരോന്നും കണ്ടറിഞ്ഞ ആ മഹാനുഭാവന് ഈ സുഹൃത്തിൻ്റെ അന്ത്യപ്രണാമങ്ങൾ!

Leave a Reply

Your email address will not be published. Required fields are marked *