Death Kerala News

പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ (81) അന്തരിച്ചു.
സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്. അമൃത ആശുപത്രിയിൽ അഞ്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു.
1945ല്‍ കണ്ണൂരിലാണ് ശങ്കരനാരായണൻ ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തെ പത്രപ്രവര്‍ത്തനം. എറണാകുളത്തുള്ള കേന്ദ്രഗവണ്‍മെൻ്റ് സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്‌പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൊത്തം 130 പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

ഏലം ഒരു ശീലമാക്കു എന്ന ഏലം ബോർഡിൻ്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണൻ്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012), കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.

ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കവിത-കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഇപ്പോള്‍ നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിൻ്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നളിനിയാണ് ഭാര്യ. കലൂർ പി.സി റോഡിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
.
കണ്ണൂരിൽ നടന്ന സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സമ്മേളനത്തിൽ ശങ്കരനാരായണൻ്റെ പുസ്തകത്തിൻ്റെ പ്രകാശനം നടന്നിരുന്നു. കഴിഞ്ഞ ഭാഷാ ദിനത്തിൽ അദ്ദേഹത്തെ യുണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ആദരിക്കുകയും ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി. ആർ രാജമോഹനും അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *