ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന കലശച്ചടങ്ങുകൾ നാളെ പൂർണതയിലെത്തും .നാളെയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം. രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാൽ കലശം അകത്തേക്ക് എഴുന്നളളിക്കും. തുടർന്ന് വലിയപാണി, ഉച്ചപൂജയ്ക്ക്സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകവും നടക്കും. ക്ഷേത്രചൈതന്യ വർധനയ്ക്കായി നടത്തുന്ന സഹസ്ര കലശച്ചടങ്ങുകളുടെ ഭാഗമായി ഇന്ന് ഗുരുവായുരപ്പന് തത്വകലശാഭിഷേകം നടന്നു. ശീവേലിക്കു ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്, തത്ത്വഹോമവും തത്ത്വകലശ പൂജയും നിർവഹിച്ചു.
നാളെ സഹസ്രക ലശത്തിനായി കുത്തമ്പലത്തിൽ പട്ടുകൊണ്ട് വിതാനിച്ച് ആലവട്ടവും വെഞ്ചാമരവും പട്ടുകുടയും കൊണ്ടലങ്കരിച്ചു. പത്മമിട്ട് വെള്ളിക്കുടങ്ങളും സ്വർണക്കുടങ്ങളും കമിഴ്ത്തി വച്ചു. മുളയറയിലെ ധാന്യമുളകൾ കു ത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ചെത്തിച്ചു. സഹസ്രകലശത്തിന് ഗുരുവായൂരപ്പൻ്റെഅനുമതി തേടുന്ന അനുജ്ഞാപ്രാർഥന അൽപസമയത്തിനകം നടക്കും. നാളെ രാവിലെ ആറരമുതൽ കുത്തമ്പലത്തിൽ നിന്ന് ആയിരംകുടങ്ങളിലെ കലശങ്ങൾ കീഴ്ശാന്തിമാർ നിരനിരയായി നിന്ന് ശ്രീലകത്ത് എത്തിക്കും.





