സ്ത്രീകളെ മാസത്തില്‍ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി കാണുന്ന പണ്ടുകാലത്തെ ആചാരങ്ങളെ വിമര്‍ശിച്ച് ജസ്റ്റിസ് ബി വി നാഗരത്‌ന. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവമുള്ള സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്ന വിശ്വാസവും മൗലികാവകാശങ്ങളും തമ്മിലുള്ള കേസിലാണ് നാഗരത്‌നയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണ ഘടനാ ബെഞ്ചില്‍ ജസ്റ്റിസ് നാഗരത്‌നയുമുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധിയുള്ളവരായി കാണുന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതിന് കാരണമായ ആചാരവും തൊട്ടുകൂടായ്മയും നിര്‍ത്തലാക്കുകയും ശിക്ഷാര്‍ഹമായ കുറ്റക്യത്യമാക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 17ൻ്റെ ലംഘനമാണെന്ന് കാണിച്ച് ഇന്ത്യന്‍ യംഗ് ലോയര്‍ അസോസിയേഷന്‍ vs കേരള എന്ന കേസില്‍ 2018 സെപ്തംബര്‍ 28ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദ്യം ചെയ്തപ്പോഴാണ് നാഗരത്‌നയുടെ വിമര്‍ശനമുണ്ടായത്.
ഇന്ത്യയിലെ സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും പ്രസിഡൻ്റായും പ്രധാനമന്ത്രിയായും, ഗവര്‍ണര്‍മാരായും സ്ത്രീകള്‍ ഭരണഘടനാ പദവികളില്‍ സേവനമനുഷ്ടിക്കുന്നുണ്ടെന്നും തുഷാര്‍ മേത്ത വിശദീകരിച്ചു. സ്ത്രീ സമത്വം സര്‍ക്കാർ നയങ്ങളിലൂടെ നടപ്പിലാക്കിയിട്ടുണ്ടെന്നും ശബരിമലയിലെ ആചാരം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കാന്‍ ആര്‍ട്ടിക്കിള്‍ 17 ഉപയോഗിക്കുന്നത് വഴി നിയമവ്യവസ്ഥയെ പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് ആര്‍ത്തവമുള്ള സ്ത്രീകളെ വിലക്കിയിരിക്കുന്നത്. ഇത് സവിശേഷമാണ് അതിന് പുറമെ ഭക്തര്‍ അയ്യപ്പെ പ്രതിഷ്ഠയെ നൈഷ്ഠിക ബ്രഹ്‌മചാരിയായാണ് കണക്കാക്കുന്നത്. ഇത്തരമൊരു ആചാരം അങ്ങനെ ഉണ്ടായതാണ്. പ്രതിഷ്ഠയുടെ സവിശേഷതയെ സുപ്രിംകോടതിക്ക് കണക്കാക്കാനാകില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.





