സെര്‍വാന്റിസിന്റെ ലോകപ്രശസ്തമായ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിനെ കേരളീയ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുന്ന നന്മയില്‍ ജോണ്‍ ക്വിഹോത്തെ എന്ന നാടകത്തിന്റെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ഈ കലാസൃഷ്ടിയുടെ നിര്‍മ്മാണവഴികളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. അലിയാര്‍ കെ ,സായൂജ്, ഷാന്റോ, ഷൈജു, ഫിദ, സജി, ദാസന്‍, കണ്ണനുണ്ണി, നാരു, ബിനി, സന്ദീപ് എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തു
ഈ സര്‍ഗ്ഗാത്മക ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരേതനായ മിഥുന്‍ മോഹന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരവര്‍പ്പിച്ചു. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന മിഥുന്റെ ഓര്‍മ്മകള്‍ ഈ നാടകത്തിന്റെ ഓരോ ചലനത്തിലും ഊര്‍ജ്ജമായി നിലകൊള്ളുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വികാരാധീനരായി ഓര്‍മ്മിച്ചു. നാടകപ്രവര്‍ത്തകന്‍ നന്ദജന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ നാടകത്തിന്റെ ശാരീരികക്ഷമതയെക്കുറിച്ചും പ്രകടനശൈലിയെക്കുറിച്ചും ഗൗരവകരമായ നിരീക്ഷണങ്ങള്‍ ഉയര്‍ന്നു വന്നു. ഇതൊരു കഥാസംഗ്രഹമല്ല, മറിച്ച് നോവലിന്റെ ആത്മാവിനെ അതായത് അസാധ്യമായതിനെ പിന്തുടരുന്ന ക്വിക്‌സോട്ടിക് സ്വപ്നത്തെ ഒരു ശാരീരിക ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനാണ് ശ്രമിച്ചതെന്ന് അലിയാര്‍ വിശദീകരിച്ചു. സംഭാഷണത്തേക്കാള്‍ ഉപരിയായി ശരീരത്തിന്റെ താളവും സഹനശേഷിയുമാണ് ഇവിടെ ആശയവിനിമയത്തിനുള്ള പ്രധാന ഉപാധിയായി മാറുന്നത്. നാടകത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത സജി, സാങ്കേതികമായ കൃത്യതയും വൈകാരികമായ ആത്മസമര്‍പ്പണവും തമ്മിലുള്ള ബാലന്‍സിനെക്കുറിച്ച് സംസാരിച്ചു. പരിമിതികളെ നിരന്തരം ചോദ്യം ചെയ്യുന്ന ക്വിക്‌സോട്ടിന്റെ മനസ്സ് ശരീരത്തിലേക്ക് ആവാഹിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സജി വ്യക്തമാക്കി.





