അസമിന്റെ നാടോടി പാരമ്പര്യത്തില്‍ വേരൂന്നിയ ഖുലാങ് ബുര്‍ഹി എന്ന നാടകത്തെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകമായ സംവാദത്തിന് ഫാവോസ് വേദിയായി.മുഖ്യധാരാ നാടകവേദികള്‍ പലപ്പോഴും വിസ്മരിച്ച ഒരു ജനതയുടെ സാംസ്‌കാരിക അടയാളങ്ങളെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചയില്‍ നാടകത്തിന്റെ സംവിധായകന്‍ സിമന്ത ഫുക്കന്‍ പങ്കെടുത്തു. സന്ദീപ് കുമാറാണ് പരിപാടി നയിച്ചത്.
ഖുലാങ് ബുര്‍ഹി എന്നത് കേവലം ഒരു കഥാപാത്രമല്ല, മറിച്ച് അസമിലെ തെംഗല്‍ കാച്ചാരി ഗോത്രവര്‍ഗത്തിന്റെ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു നാടോടി നാടകമാണെന്ന് സിമന്ത ഫുക്കന്‍ വ്യക്തമാക്കി. ബിനോയ് സൈകിയ രചിച്ച ഈ നാടകം സത്യത്തെയും ഭാവനയെയും സമര്‍ത്ഥമായി കോര്‍ത്തിണക്കി സാംസ്‌കാരികമായ അടിത്തറയുള്ള ഒരു ആഖ്യാനം സൃഷ്ടിക്കുന്നു.
ആധുനികവല്‍ക്കരണത്തിന്റെ വേഗതയില്‍ ഗ്രാമീണ ജീവിതത്തിന്റെ തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ നിരീക്ഷിച്ചു. 50-ഉം 100-ഉം വര്‍ഷങ്ങള്‍ക്ക് മുമ്പ് അസമിലുണ്ടായിരുന്ന ഗ്രാമജീവിതത്തെ പുനഃസൃഷ്ടിക്കാനാണ് ഈ നാടകത്തിലൂടെ ശ്രമിച്ചത്. അസമിലെ പരമ്പരാഗത വിവാഹത്തിന്റെ ആദ്യ ദിനവും അതിലെ അനുഷ്ഠാനങ്ങളും ഒത്തുചേരലുകളും കേന്ദ്രീകരിച്ചാണ് നാടകം പുരോഗമിക്കുന്നത്. സമുദായ ജീവിതത്തിന്റെ നട്ടെല്ലായിരുന്ന ഇത്തരം ആചാരങ്ങളെ വീണ്ടെടുക്കുകയാണ് കലയിലൂടെ ലക്ഷ്യമിടുന്നത്.
പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യബോധമുള്ള ഒരു ശൈലിയാണ് നാടകത്തിന് സ്വീകരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ അഭിനേതാക്കള്‍ വെറും 25 ശതമാനം മാത്രമുള്ള ഈ നാടകത്തില്‍ ബാക്കി 75 ശതമാനവും ആദ്യമായി സ്റ്റേജില്‍ കയറുന്ന സാധാരണക്കാരാണ് എന്നത് ശ്രദ്ധേയമാണ്.
മിഷിംഗ്, ബോഡോ, രാഭ തുടങ്ങിയ ഗോത്രങ്ങളെക്കുറിച്ച് നിരവധി നാടകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തെംഗല്‍ കാച്ചാരി വിഭാഗത്തെക്കുറിച്ച് നാടകങ്ങള്‍ കുറവാണെന്ന് സിമന്ത ഫുക്കന്‍ പറഞ്ഞു. അവരുടെ വസ്ത്രധാരണ രീതി, ഭാഷ, സംഗീതം, പെരുമാറ്റം എന്നിവ നേരിട്ട് പഠിക്കാനായി ഗ്രാമങ്ങളിലെ മുതിര്‍ന്നവരുമായി നാടകസംഘം ദീര്‍ഘനേരം സംവദിച്ചു. ഈ ആഴത്തിലുള്ള ഗവേഷണമാണ് നാടകത്തിന് കരുത്തുറ്റ അടിത്തറ നല്‍കിയത് . സാംസ്‌കാരികമായ ഓര്‍മ്മകളെ സംരക്ഷിക്കുന്നതിനൊപ്പം ചരിത്രവും ആധുനികതയും അവഗണിച്ച ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്ന മഹത്തായ ഒരു കലാശ്രമമാണ് ഖുലാങ് ബുധി എന്ന് അടിവരയിട്ടുകൊണ്ടാണ് മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടി അവസാനിച്ചത്.





