Culture Kerala News

ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക് സമ്മാനിച്ചു


വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ അഞ്ചാമത് അഷ്ടപദി സംഗീതോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ നടന്ന അഷ്ടപദിയർച്ചനയിൽ നൂറിലേറെ കലാകാരൻമാർ പങ്കെടുത്തു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ ഊരമന രാജേന്ദ്ര മാരാർക്ക്, സംഗീത കലാചര്യ പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടി സമ്മാനിച്ചു. ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ചായിരുന്നു പുരസ്കാരം നൽകിയത്.

25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ പുരസ്കാര സ്വീകർത്താവിനെ സദസിന് പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം എം. യു ഷിനിജ സ്വാഗതം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ചടങ്ങിന് ആശംസ നേർന്നു. ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാ ലക്ഷ്മി ചടങ്ങിൽ സംഗീതാർച്ചന നടത്തി.
പ്രസിദ്ധീകരണ വിഭാഗം അസി. മാനേജർ കെ.ജി. സുരേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് പുരസ്കാര സ്വീകർത്താവായ രാജേന്ദ്ര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *