പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യന്‍ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്തോട് അടുത്ത് നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഇന്നലെ വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഇന്ത്യന്‍ കപ്പലിന് നേരെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ പതാകയുള്ള പത്താമത്തെ കപ്പലാണ് ഹോര്‍മുസ് കടന്നത്. അതെസമയം വെടിവെപ്പിനിടെ രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍ തിരിച്ച് പോവുകയും ചെയ്തു. അസംസ്‌കൃത എണ്ണയുമായി ഇന്ത്യന്‍ തീരത്തേക്ക് ജാഗ് അര്‍നവ് എന്ന കപ്പലാണ് വരുന്നത്.
മാരിടൈം ട്രാഫിക്കിലെ ലഭ്യമായ വിവരങ്ങളില്‍ നിന്നും നിരവധി ഇന്ത്യന്‍ പതാകയുള്ള കപ്പലുകളാണ് ഹോര്‍മുസ് കടക്കാന്‍ കാത്തിരിക്കുന്നത്. 13 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസിന്റെ പടിഞ്ഞാറന്‍ ഭാഗത്തും ആറ് കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലിലും ഒരു കപ്പല്‍ ഏദന്‍ ഉള്‍ക്കടലിലും മൂന്ന് കപ്പലുകള്‍ ചെങ്കടലിലുമായാണ് നങ്കൂരമിട്ടിരിക്കുന്നത്.





