പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നല്ല, പാര്‍ട്ടി സംരക്ഷിക്കുന്ന കുറ്റവാളികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ടിഎംസി ഭരണത്തിൻ്റെ പ്രവര്‍ത്തനം പലപ്പോഴും കോടതികളുടെ ഇടപെടലിന് കാരണമാകുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ആറാംബാഗില്‍ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേ ആയിരുന്നു തൃണമൂൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. പലപ്പോഴും കൊൽക്കത്ത ഹൈക്കോടതിയും സുപ്രിംകോടതിയും ഇടപെടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ 93.19 ശതമാനം വോട്ടെടുപ്പ് ടിഎംസി സര്‍ക്കാരിനെതിരായ ജനവികാരം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇതിലും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച കുറഞ്ഞതായും കര്‍ഷകര്‍, പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് കര്‍ഷകര്‍, സിന്‍ഡിക്കേറ്റുകളുടെ ചൂഷണത്തിനിരയാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സ്ത്രീ ശാക്തീകരണത്തിന് ബിജെപി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും സര്‍ക്കാര്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.





