India News

ജബല്‍പൂര്‍ ദുരന്തത്തിന് പിന്നാലെ ഒഡീഷയില്‍ ബോട്ട് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ ജലഗതാഗത സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ഒഡീഷ സര്‍ക്കാര്‍. മധ്യപ്രദേശിലെ ജബല്‍പൂര്‍ ബാര്‍ഗി അണക്കെട്ടില്‍ ഉണ്ടായ ബോട്ട് ദുരന്തത്തില്‍ 12 പേര്‍ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

മധ്യപ്രദേശില്‍ വിനോദസഞ്ചാരികളുമായി പോയ ക്രൂയിസ് ബോട്ട് പെട്ടെന്നുണ്ടായ അതിശക്തമായ കാറ്റിൽ മറിഞ്ഞാണ് അപകടമുണ്ടായത്. 40-ത്തിലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടിൽ കയറാവുന്നതിനേക്കാൾ അധികം ആളുകളെ കയറ്റിയതും ഡാമിൻ്റെ മധ്യഭാഗത്തെത്തിയപ്പോൾ അതിശക്തമായ കാറ്റുണ്ടായതും ബോട്ട് മറിയാൻ ഇടയാക്കി. അപകടം ഉണ്ടായി ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ മാത്രമാണ് ലൈഫ് ജാക്കറ്റുകൾ നൽകിയത് എന്നതും മരണസംഖ്യ ഉയരാൻ കാരണമായിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ കൊമേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എൻബിഎസ് രജ്പുത്തിൻ്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്തെ നദികളും ജലാശയങ്ങളും വഴി സഞ്ചരിക്കുന്ന ബോട്ടുകളും ക്രൂയിസുകളും ഉള്‍പ്പെടെയുള്ള എല്ലാ യാത്രാവാഹനങ്ങളിലും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി ശക്തമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *