Court Kerala News

തയ്യൽ മെഷീൻ തകരാർ: വനിത സംരഭകർക്ക് അനുകലമായി 1,787,50 രൂപയും പലിശയും നൽകാൻ വിധി


തയ്യൽ മെഷീൻ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം ഇടശ്ശേരിയിലുള്ള ഡ്രീംസ് ഗാർമെൻ്റ് യൂണിറ്റ് ഉടമസ്ഥ സുജ എം.എസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലുള്ള മെഹേല മെഷീൻസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്.

സുജ 1,437,50 രൂപ നല്കിയാണ് തയ്യൽ മെഷീൻ വാങ്ങിയത്. വാഗ്ദാനം ചെയ്തത് പോലെ മെഷീൻ ഉപയോഗിച്ച് തുന്നുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. നിരന്തരം നൂൽ പൊട്ടിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എതിർകക്ഷിയോട് പരാതിപ്പെടുമ്പോൾ ടെക്നീഷ്യനെ വിടുകയും പരിശോധന നടത്തി പണം വാങ്ങിപ്പോവുകയുമായിരുന്നു പതിവ് രീതി. തകരാർ പരിഹരിക്കപ്പെട്ടിരുന്നുമില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി. ടി. സാബു, മെമ്പർമാരായ ശ്രീജ. എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തി ഹർജിക്കാരിക്ക് ഉല്പന്നത്തിൻ്റെ വിലയായ 1,437,50 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *