അഞ്ചുവർഷ ഇടവേളകളിൽ നടക്കുന്ന വാശിയേറിയ കേരള ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ നിന്നും അഡ്വക്കേറ്റ് ജോസ് മേച്ചേരി മിന്നുന്ന വിജയം കരസ്ഥമാക്കി. തൃശ്ശൂർ ജില്ലയിലെ 3000ത്തോളം വരുന്ന അഭിഭാഷകരിൽ നിന്നും ഏക പ്രതിനിധിയായാണ് അഡ്വക്കേറ്റ് ജോസ് മേച്ചേരി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ അഭിഭാഷക സംഘടനകളുടെ പ്രതിനിധികളായും മറ്റും ആറ് അഭിഭാഷകരായിരുന്നു തൃശ്ശൂർ ജില്ലയിൽ നിന്നും മത്സര രംഗത്ത് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഏഴുവർഷമായി വിവിധ കാരണങ്ങളാൽ ബാർ കൗൺസിൽ ഇലക്ഷൻ നീണ്ടു പോകുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇലക്ഷൻ നടത്തിയത്. കേരള സംസ്ഥാനത്ത് 18 അഭിഭാഷകർ ജനറൽ കാറ്റഗറിയിലും 5 പേർ വനിതാ കാറ്റഗറിയിലും രണ്ടുപേർ നോമിനേറ്റഡ് മെമ്പർമാരും ഉൾപ്പെടെ 25 പേരാണ് ബാർ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. കേരള സംസ്ഥാനത്തെ അഭിഭാഷകർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത് ബാർ കൗൺസിലിൻ്റെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അഡ്വക്കേറ്റ് ജോസ് മേച്ചേരി മത്സരിച്ചത്. നിലവിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും നോട്ടറി അഡ്വക്കേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും ആണ് ഇദ്ദേഹം.





