എം എ. സുധീർ ബാബു. പട്ടാമ്പി
തേനീച്ചകൾ (Honey Bees) മികച്ച സാമൂഹ്യ ഷഡ്പദ ജീവികളാണ് ഇവ. കാർഷിക വിളകളുടെയും വന്യ ജാതി സസ്യങ്ങളുടെയും മികച്ച പരാഗണകാരികളാണ്. ഇവയുടെ പ്രാധാന്യം ആഗോള അടിസ്ഥാനത്തിൽ തന്നെ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനു പുറമെ ലോക ജനതയുടെ ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സുഭിക്ഷയും സംരക്ഷിച്ചു നമ്മുടെ ആവാസ വ്യവസ്ഥയെ ആരോഗ്യകരമായി നില നിർത്തുന്നതിന് മുഖ്യ പങ്കു വഹിക്കുന്ന ജീവികളായ തേനീച്ചകളെ സംരക്ഷിച്ചു ലോകത്തെ സസ്യ പരാഗണം കൂട്ടി ഭക്ഷ്യ ഉത്പാദനം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മെയ് 20 ലോക തേനീച്ച ദിനം കൊണ്ടാടുന്നു. സ്ലോവേണിയയിലെ പ്രശസ്ത തേനീച്ച വിദഗ്ദ്ധൻ ആയ കർഷകൻ ആൻ്റൺ ജാൻസയുടെ 200 ദിനമായ മെയ് 20 ആണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്. ഇന്നാണ് ലോക തേനീച്ച ദിനം ആചരിക്കുന്നത്.
ഈ ആണ്ടിലെ തേനീച്ച ദിനത്തിലെ സന്ദേശം തേനീച്ചകളോടൊപ്പം ജനങ്ങൾ (Bee Together for People and Planet). ഭൂമിയിൽ ജീവൻ നില നിർത്താൻ തേനീച്ച വർഗ്ഗങ്ങൾ ഒരു പരമ പ്രധാന കടമ നിർവഹിച്ചു വരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിക്കുന്ന രാഷ്ട്രം ചൈനയാണ്. തൊട്ട് വരുന്നത് തുർക്കി, ഇറാൻ, പിന്നെ നമ്മുടെ ഭാരതം. സസ്യ വർഗ്ഗങ്ങൾ പുഷ്പിച്ചു പഴങ്ങൾ (Fruits) പച്ചക്കറികൾ (Vegetables) എന്നിവയും ധാന്യ വിളകളുടെ വിത്തുൽപ്പാദനം അടക്കം നല്ല നിലയിൽ കിട്ടാൻ തേനീച്ചകൾക്ക് മുഖ്യ കടമ ഉണ്ട്.
മനുഷ്യൻ, മൃഗങ്ങൾ, മറ്റു ജീവ ജാലങ്ങൾ, പരിസ്ഥിതി ഇവയുടെ ആരോഗ്യകരമായ നിലനിൽപ്പിനു തേനീച്ചകൾ, മറ്റു ഷഡ്പദങ്ങൾ എന്നിവ വഹിക്കുന്ന പങ്കു വിവരണാതീത മാണ്.
സ്ലോവേണിയയിലെ ആധുനിക തേനീച്ച വളർത്തൽ മേഖലയിലെ പ്രഗത്ഭനായിരുന്ന ആൻ്റൺ ജാൻസയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ തന്നെ തേനീച്ച വളർത്തൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളും കൈ വരിക്കാൻ സാധിച്ചു. ഇതിനാലാണ് ആൻ്റൺ ജാൻസയുടെ പിറന്നാൾ ദിനമായ മെയ് 20 നു തേനീച്ചകൾക്ക് ഒരു ദിനം എന്ന ആശയം യുണൈറ്റഡ് നേഷൻസ് തീരുമാനിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം തേനീച്ചകൾക്ക് മരണവും തേൻ ഉത്പാദന ശേഷിയുടെ കുറവും വന്നിട്ടുണ്ട്.
പല സസ്യങ്ങൾക്കും പൂക്കൾ ഉണ്ടാവുന്നില്ല. ഉണ്ടായ പൂക്കൾക്ക് തേനീച്ചകളുടെ കുറവിനാൽ പരാഗണം നടക്കാത്തതിനാൽ കായ് പിടുത്തം ഇല്ലാത്ത അവസ്ഥ വരുന്നു. ഈ കാലഘട്ടത്തിലാണ്. തേനീച്ചകൾക്ക് പുറമെ വിവിധ ശലഭങ്ങൾ, വണ്ടുകൾ, മറ്റു പരാഗണകാരികളായ ഷഡ്പദങ്ങൾ എന്നിവയെ സംരക്ഷിച്ചു ഭൂമിയിലെ ആഹാരചങ്ങലയെ രക്ഷിക്കാനും കാർഷിക ഭക്ഷ്യ ഉൽപ്പാദനം സുസ്ഥിരമായി നേടാനും നാം ശ്രമിച്ചു വരുന്നത്. അമേരിക്കയിലെ കാർഷിക വകുപ്പ് തേനീച്ചകൾ കാർഷിക വിളകളുടെ പരാഗണകാരി എന്ന നിലയിൽ ഒരു കൊല്ലം 14 ബില്യൺ യു. എസ്. ഡോളർ വരെ മൂല്യം വരുന്ന സഹായം കൊടുക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമിതമായ രാസ കീടനാശിനികളുടെ ഉപയോഗം നിമിത്തം പരിസ്ഥിതി വിഷമയമാകുന്നതിനാൽ ആവശ്യത്തിന് തേനീച്ചകൾ ഇല്ലെങ്കിൽ പിന്നെ ആർക്കും ആഹാരം കിട്ടില്ല. അങ്ങിനെ ഭൂമിയിൽ ജീവൻ ഇല്ലാതെ വരും. അതിനാൽ തേനീച്ച കളെയും മറ്റു പരാഗണകാരികളായ പൂമ്പാറ്റകൾ, നിശാശലഭങ്ങൾ, വണ്ടുവർഗങ്ങൾ, തുമ്പി വർഗ്ഗങ്ങ, കടന്നൽ വർഗ്ഗങ്ങൾ, വവ്വാൽ അടക്കമുള്ള സസ്‌തനികൾ, എന്നിവയുടെസംരക്ഷണം ലോക തലത്തിൽ തന്നെ ഉറപ്പാക്കണം.
തേനീച്ചകളുടെ സമഗ്ര സംരക്ഷണം, കൃഷിയിടങ്ങളിൽ വലിയ തോട്ടങ്ങളിൽ ഒക്കെ തേനീച്ച പെട്ടികൾ വെച്ചു ശാസ്ത്രീയമായുള്ള തേൻ ഉത്പാദനം (Apiculture) എന്നിവക്കും തേൻ വിപണനത്തിനും നമ്മുടെ നാട്ടിൽ വലിയ സാധ്യത ആണുള്ളത്. കേരളത്തിൽ ഹോർട്ടി കോർപ്പ് തേൻ ശേഖരിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്. കർഷകർക്ക് പരിശീലന പരിപാടികളും കൊടുക്കുന്നതിനാൽ നിരവധി കർഷകർ ഇന്ന് തേനീച്ച വളർത്തി തേൻ വിപണിയിൽ വിറ്റു ഉപജീവനം നടത്തി വരുന്നു. തേനീച്ച കൃഷി മുഖേനയുള്ള തേൻ ഉത്പാദനത്തിന് മധുര വിപ്ലവം (Sweet Revolution ) എന്നാണ് ഓമന പേര്.
റബ്ബർ തോട്ടങ്ങളിൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് തേൻ കൃഷിക്ക് പറ്റിയ സമയം. തേൻ ഉത്പാദനം പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് തേൻ സംസ്കരണം. കേരളത്തിൽ നിരവധി പ്രഗത്ഭ തേൻ കർഷകരുണ്ട്. തേൻ ദിവ്യ ഔഷധ മാണ്. എല്ലാ മത ഗ്രന്ഥങ്ങളിലും തേനിനെ കുറിച്ച് പറയുന്നുണ്ട്. “പ്രകൃതിയിലെ ദ്രാവക സ്വർണ്ണം “(Nature’s Liquid Gold) എന്ന് വിളിച്ചു വരുന്ന തേൻ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്. വലിയ തേനീച്ചകൾക്ക് പുറമെ മരുന്നായി ഉപയോഗിക്കാൻ പറ്റിയ ചെറുതേനിച്ചകളുടെ തേനും കൃഷി സാധ്യത ഉണ്ട്. ചെറിയ കുടം, മുള കോലുകൾ എന്നിവയിൽ ചെറിയ തേനീച്ചകളെ വളർത്താം.
നമ്മുടെ കേരളത്തിൽ ഉള്ള ഗൃഹ പരിസര കൃഷിയിടങ്ങളിൽ തേനീച്ചവളർത്തി വരുമാനം ഉറപ്പാക്കാം. കേരളത്തിൽ തെങ്ങിൻ തോട്ടങ്ങളിൽ തേനീച്ച വളർത്താൻ കർഷകരെ പ്രാപ്തരാക്കണം. തേനിൻ്റെ ആഭ്യന്തരമായ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള തേൻ വിദേശ വിപണിയിൽ വിൽക്കാൻ ആവശ്യമായ നടപടികൾ പ്രോത്സാഹിപ്പിക്കണം. ഈ വർഷത്തെ ലോക തേനീച്ച ദിനം ഇന്നാണ്.
ആഗോള തലത്തിൽ തന്നെ തേനീച്ച കൾക്ക് രക്ഷ നൽകി നമ്മുടെ ഭൂമിക്കും ജീവജാലങ്ങൾക്കും കാവലായി മാറാൻ നാം ഓരോരുത്തരും ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ശ്രമിച്ചില്ലെങ്കിൽ വരുന്ന ഭവിഷ്യത്തു ഭക്ഷണമില്ലാത്ത പരാഗണം ഇല്ലാത്തതിനാൽ വിളകൾ.മുരടിച്ചു കരിഞ്ഞു നിൽക്കുന്ന ലോകം ആയിരിക്കും. ഗ്രാമ തലത്തിൽ തേനീച്ച വളർത്തൽ ഇഷ്ടമുള്ള ചെറുപ്പക്കാർ, വനിതകൾ, എന്നിവർക്ക് സമഗ്ര പരിശീലന പരിപാടി നടത്തണം. തേൻ സംസ്കരണം വഴിയുള്ള തൊഴിൽ സാധ്യതകൾക്ക് കേരള കാർഷിക സർവകലാശാലയിൽ നിന്ന് പരിശീലനം കൊടുത്താൽ ഗ്രാമതലത്തിൽ തേൻ കൃഷിയും വിപണനവും ഉറപ്പാക്കാം.
നമ്മുടെ കേരളത്തിൽ റബ്ബർ തോട്ടങ്ങളിൽ തേനീച്ചകളുടെ വളർത്തു പെട്ടികൾ വെച്ചുള്ള കൃഷിയിലൂടെ നല്ല തേൻ ഉത് പാദനം ഉറപ്പായും ലഭിക്കും. കേരളത്തിൽ കൃഷി വകുപ്പിൻ്റെ കീഴിലുള്ള പുനലൂർ സ്റ്റേറ്റ് ഫാർമിങ്ങ് കോർപറേഷൻ ഓഫ് കേരളയിലും, കോട്ടയം ആസ്ഥാന മായുള്ള പ്ലാൻ്റേഷൻ കോർപറേഷൻ ഓഫ് കേരള യിലും മുഖ്യ വിള റബ്ബർ ആയതിനാൽ തോട്ടങ്ങളിൽ തേനീച്ച വളർത്തി നല്ല തേൻ ഉണ്ടാക്കി വിപണിയിൽ എത്തിക്കാൻ പറ്റും. നമ്മുടെ കേരളത്തിൽ ഉള്ള നിരവധി സ്വകാര്യ റബ്ബർ തോട്ടങ്ങളിൽ കർഷകർ തേനീച്ച കൃഷി ചെയ്‌തു വരുന്നുണ്ട്. ഒരു ഹെക്‌ടർ റബ്ബർ തോട്ടത്തിൽ പത്ത് ഞൊടിയൻ തേനീച്ച പെട്ടികൾ വെക്കണം. കുറഞ്ഞത് പത്തു പതിനഞ്ച് കിലോ ഗ്രാം തേൻ ഒരു പെട്ടിയിൽ നിന്ന് കിട്ടും.
കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം കിട്ടുന്ന സംരംഭമാണ് തേനീച്ച കൃഷി. തേനീച്ചകളടക്കമുള്ള പല തരത്തിലുള്ള ഷഡ്പദങ്ങൾക്ക് ജീവ നാശം വരുന്ന പ്രവണതക്ക് നാം തടയിടണം. കൂടിയ അന്തരീക്ഷ താപനില, പൂക്കൾ സമയത്ത് വിടരാനും വിഘാതമാണ്. നമ്മുടെ നാടിൻ്റെ നില നിൽപ്പിന്. ജീവജാലങ്ങൾക്ക് ആഹാരം ആവശ്യമാണ്. ഇതു കിട്ടാൻ തേനീച്ചകൾ മനസ്സ് വെച്ചില്ലെങ്കിൽ, ലോകത്താകെ ക്ഷാമം(Famine ) പട്ടിണി(poverty ) വിളനഷ്ട്ടം (Crop Loss) എന്നിവ വന്നേക്കാം. നാം മനുഷ്യ കുലം ഭൂമിയിൽ ഇല്ലെങ്കിലും ലോകം നിലനിൽക്കും.
എം. എ. സുധീർബാബു. പട്ടാമ്പി. ലേഖകൻ കഴിഞ്ഞ 33 വർഷമായി കേരളത്തിലെ എല്ലാ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി കാർഷിക ലേഖനങ്ങൾ, കൃഷി പ്രോഗ്രാമുകൾ, ഓൺലൈൻ മീഡിയകളിൽ കൃഷി ലേഖനം എന്നിവ എഴുതി വരുന്നു. സ്റ്റേറ്റ് ഫാർമിങ്ങ് കോർപറേഷനിൽ 10 വർഷത്തോളം ഓഫീസർ ആയിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ ആണ്.





