സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചു. എമിഗ്രേഷന്‍ നടപടികളാണ് ഇനി ഉള്ളതെന്ന് സഹായ സമിതി അറിയിച്ചു. അതിന് ശേഷം നാട്ടിലേക്ക് റഹീമിന് മടങ്ങാമെന്ന് സഹായ സമിതി വിശദീകരിച്ചു.
2006 ഡിസംബര്‍ 24ന് സൗദി ബാലനായ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസിലാണ് റഹീം തടവിലായത്. കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട ഈ ബാലന് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. ഷോപ്പിങ്ങിനായി പുറത്ത് പോയ സമയം ട്രാഫിക്കില്‍ നിന്ന് സിഗ്നല്‍ കട്ട് ചെയ്ത് പോകാന്‍ അനസ് ആവശ്യപ്പെട്ടെങ്കിലും റഹീം അനുസരിച്ചില്ല. ഇതോടെ റഹീമിന്റെ മുഖത്തേക്ക് അനസ് പല തവണ തുപ്പുകയും ഇത് തടയുന്നതിനിടയില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം ഓഫാവുകയുമായിരുന്നു. പിന്നീട് ബോധരഹിതനായ അനസ് മരണപ്പെട്ടതോടെയാണ് സൗദി പോലീസ് റഹീമിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
കോടതി റഹീമിന് വധശിക്ഷ വിധിച്ചെങ്കിലും 34 കോടിയിലേറെ രൂപ മോചനദ്രവ്യം നല്‍കിയതു കൊണ്ട് വധശിക്ഷ റദ്ദാക്കി നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള വഴി തെളിയുകയായിരുന്നു.





