കേന്ദ്ര കാലാവസ്ഥ വകുപ്പ് 2026 ജൂൺ 03, 04, 05 തീയതികളിൽ തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അടിയന്തര മുന്നൊരുക്കങ്ങളും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച മൺസൂൺ ദുരന്ത പ്രതികരണ മാർഗ്ഗരേഖ (Orange Book 2025) അനുസരിച്ച് എല്ലാ വകുപ്പുകൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ജാഗ്രതാ നടപടികൾ ശക്തമാക്കുന്നതിനുമായി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, നഗര-താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, നദീതീരങ്ങളിലും തീരദേശ മേഖലയിലും അപകടസാധ്യതകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത
മലയോര മേഖലകൾ, നദീതീരങ്ങൾ, വയൽ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ, വിദഗ്ധ സമിതികൾ ദുരന്തസാധ്യതാ പ്രദേശങ്ങളായി തിരിച്ചറിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ മുൻകരുതലിൻ്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ലയങ്ങൾ, താത്കാലിക താമസകേന്ദ്രങ്ങൾ, തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട തഹസിൽദാർമാർക്കും സ്ഥാപന മാനേജ്മെൻ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി
നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങൾ, പൊതുമരാമത്ത്, ദേശീയപാത, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡ്രെയിനേജ് തടസ്സങ്ങൾ നീക്കുകയും മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. റോഡുകളിലെ കുഴികൾ, അപകട സാധ്യതകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ബോർഡുകൾ എന്നിവ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മരങ്ങൾ, ഹോർഡിംഗുകൾ, വൈദ്യുതി സുരക്ഷ പരിശോധന
ശക്തമായ കാറ്റിനൊപ്പം മഴ തുടരുന്ന സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിംഗുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ മുൻകരുതൽ നടപടി സ്വീകരിക്കും. വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ലൈനുകൾ എന്നിവയുടെ സുരക്ഷ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി.യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കി നിലനിർത്തും.
രാത്രികാല യാത്രകൾക്കും മലയോര ഗതാഗതത്തിനും ജാഗ്രത
രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുകയും മണ്ണിടിച്ചിൽ സാധ്യത വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ആവശ്യമായി വരാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അത്തരം സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി തീരുമാനം കൈക്കൊണ്ട് ജനങ്ങളെ മുൻകൂട്ടി അറിയിക്കും.
24×7 കൺട്രോൾ റൂമുകളും ദുരന്ത പ്രതികരണ സംവിധാനങ്ങളും സജ്ജം
താലൂക്ക് കൺട്രോൾ റൂമുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി രക്ഷാപ്രവർത്തന സംവിധാനങ്ങളും അലർട്ട് നിലയിൽ തുടരും.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി (DEOC)
ടോൾ ഫ്രീ നമ്പർ: 1077,
ലാൻഡ് ലൈൻ നമ്പറുകൾ: 0487 2362424, 0487 2361590,
മൊബൈൽ നമ്പറുകൾ: 9447074424, 7907483916.
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ (TEOC)
തൃശൂർ: 0487 2331443, 9447731443
തലപ്പിള്ളി: 0488 4232226, 9447723226
കുന്നംകുളം: 04885 225700, 8547002060
ചാവക്കാട്: 0487 2507350, 9447707350
മുകുന്ദപുരം: 0480 2825259, 9447725259
കൊടുങ്ങല്ലൂർ: 0480 2802336, 9447702336
ചാലക്കുടി: 0480 2705800, 8547618440
ഡാമുകൾ, നദികൾ, ജലനിരപ്പ് നിരീക്ഷണം ശക്തമാക്കും
നദികൾ, ഡാമുകൾ, റെഗുലേറ്ററുകൾ എന്നിവിടങ്ങളിലെ ജലനിരപ്പ് പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ മുൻകൂട്ടി വിലയിരുത്തി പകൽ സമയങ്ങളിൽ നിയന്ത്രിത നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി., ജലസേചന വകുപ്പ് എന്നിവർ ഡാമുകളിലെ ജലനിലയും ഒഴുക്കും കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിലേക്ക് കൈമാറും.
ടൂറിസ്റ്റുകൾക്കും പ്രത്യേക സുരക്ഷാ നിർദ്ദേശം
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഉറപ്പാക്കാനും അപകടസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ പാലിക്കേണ്ടത്
അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക, പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കുക, വീണ വൈദ്യുതി ലൈനുകൾ, അപകടാവസ്ഥയിലുള്ള മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കുക. ജില്ലാ ഭരണകൂടത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.





