ന്യൂഡൽഹി: എൽ നിനോ പ്രതിഭാസവും സാധാരണയേക്കാൾ കുറവ് മൺസൂൺ മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
ഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ കുറഞ്ഞ മഴ ലഭിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും പ്രത്യേക നിരീക്ഷണവും അടിയന്തര നടപടികളും ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. ദുരന്ത-പ്രതികരണ പദ്ധതികൾ രേഖകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക തലത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിത്ത് ലഭ്യത, ജലസംരക്ഷണം, ഈർപ്പം നിലനിർത്തൽ, ബദൽ കൃഷി പദ്ധതികൾ എന്നിവയിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് സാധാരണയേക്കാൾ മെച്ചപ്പെട്ട നിലയിലാണെന്നും ഇത് ഖരീഫ് കൃഷിക്ക് വലിയ പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് മൊബൈൽ സന്ദേശങ്ങളിലൂടെ കൃഷി, കീട-രോഗ നിയന്ത്രണം, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ സമയബന്ധിതമായി ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.





