Health India Medical News

ഗർഭസ്ഥ ശിശു ലിംഗനിർണയ റാക്കറ്റിലെ രണ്ടുപേർ പിടിയിൽ

പൂണെ ജില്ലയിലെ ദൗണ്ട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗർഭസ്ഥ ശിശു ലിംഗനിർണയ റാക്കറ്റ് പൊലീസ് പൊളിച്ചടുക്കി. ആയുർവേദ ഡോക്ടർ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

റാക്കറ്റുമായി ബന്ധപ്പെട്ട കണ്ണികളേയും പെൺഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട സംശയാസ്പദ സംഭവങ്ങളും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതി പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ളതെന്നാണ് വിവരം. ഇയാൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച ചൈനീസ് നിർമ്മിത പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം ഉപയോഗിച്ചാണ് ഗർഭസ്ഥ ശിശുവിൻ്റെ ലിംഗമേതാണെന്ന് മനസിലാക്കിയിരുന്നത്. ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം രാജ്യത്ത് കുറ്റകരമാണ്. ഇതുവഴി പെൺഭ്രൂണഹത്യയിലേക്ക് നയിക്കുമെന്നതിനാലാണ് ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം ക്രിമിനൽ കുറ്റകരമാക്കിയത്.

അനധികൃത ലിംഗനിർണയ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

റാക്കറ്റിൽ മറ്റ് ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും അനധികൃത പ്രവർത്തനങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *