ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) എൽ. മനോജിനെയും, അദ്ദേഹത്തിന്റെ ഏജന്റായ സ്വകാര്യ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മൂന്നാറിലെ ചിത്തിരപുരത്തെ റിസോർട്ട് ആരോഗ്യവകുപ്പിന്റെ നിയമം പാലിക്കുന്നില്ലെന്ന് ഭീഷണിപ്പെടുത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇവർ ബുധനാഴ്ച പിടിയിലായത്.
ഡിഎംഒയെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നെങ്കിലും, അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ ലഭിച്ച ശേഷം തിരികെ സർവീസിൽ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം അറസ്റ്റ് നടത്തിയത്. രാഹുൽ രാജ്, ഡിഎംഒയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ഡ്രൈവറാണ്. ഗൂഗിൾ പേ വഴിയാണ് കൈപ്പറ്റൽ നടന്നത്. സാങ്കേതിക തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ പിടികൂടിയതായാണ് വിവരം.
ഡിഎംഒക്കെതിരെ കൈക്കൂലി വാങ്ങിയെന്ന നിരവധി പരാതികൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്ഥലം മാറ്റങ്ങളിൽ. ഇതിനു മുമ്പ്, ഇടുക്കി മെഡിക്കൽ കോളേജിലെ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെയും കൈക്കൂലി കേസിൽ സർക്കാർ പിരിച്ചുവിട്ടിരുന്നു.





