ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് പിറന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന റെക്കോര്‍ഡിനുടമയായിരിക്കുകയാണ് നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നേക്ക് പ്രധാനമന്ത്രി കസേരിയില്‍ കയറി 4,399 ദിവസങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പിന് വിധേയനായി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 4,398 ദിവസങ്ങളാണ് പൂര്‍ത്തീകരിച്ചിരുന്നത്. ഈ റെക്കോര്‍ഡാണ് മോദി ഇന്ന് മറികടക്കാന്‍ പോകുന്നത്. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയാണ് ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരിച്ചത്. 1947 മുതല്‍ 1952 വരെ നെഹ്രു ഇന്ത്യ ഭരിച്ചിരുന്നു എങ്കിലും പൊതുതെരഞ്ഞെടുപ്പിനെ നേരിടാതെയാണ് അന്ന് അധികാരമേറ്റത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന നേതാവ് എന്ന റെക്കോര്‍ഡിന് ഇപ്പോഴും നെഹ്രു തന്നെയാണ് അര്‍ഹന്‍. 6,131 ദിവസമാണ് അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
നെഹ്രുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതിയും ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുത്ത സര്‍ക്കാരിനെ നയിച്ച നേതാവെന്ന ഖ്യാതിയും മുമ്പേ മോദി കരസ്ഥമാക്കിയിരുന്നു.





