India Kerala News

അഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേക്ക് ഒരാണ്ട്


ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂണ്‍ 12ന് ഉണ്ടായ എയര്‍ ഇന്ത്യ AI 171 വിമാനാപകടം. ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ തന്നെ വലിയ അപകടം തന്നെയായിരുന്നു ഇത്.
വിമാനം റണ്‍വേ 23ല്‍ നിന്നും ഉച്ചക്ക് 1.38ന് ടേക്ക് ഓഫ് ചെയ്തു 3 സെക്കന്റുകള്‍ കഴിഞ്ഞതും രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണ്ണിംഗ് പൊസിഷനില്‍ നിന്നും കട്ട് ഓഫ് പൊസിഷനിലേക്ക് മാറുകയും പറന്നുയര്‍ന്ന് 32 സെക്കന്റുകള്‍ കഴിഞ്ഞതും താഴേക്ക് പതിക്കുകയുമായിരുന്നു.

ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് ആയിരുന്നു വിമാനം യാത്ര തിരിച്ചത്. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 1.7 കിലോമീറ്റര്‍ അകലെയുള്ള ബിജെ മെഡിക്കല്ഡ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 12 ജീവനക്കാരും 229 യാത്രക്കാരും കൊല്ലപ്പെട്ടു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിനരികിലെ സീറ്റായിരുന്ന 11A യിലിരുന്ന വിശ്വാസ് കുമാര്‍ രമേഷ് എന്ന 40 കാരന്‍ മാത്രമാണ് അന്നത്തെ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്ന് വീണതിനാല്‍ അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും വഴിയാത്രക്കാരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനം തകരാനിടയാക്കിയ സംഭവം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *