ടിവിയുടെ തകരാറുകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ. വി. സി ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്.
29,500 രൂപ നൽകിയാണ് ഷാജൻ ടിവി വാങ്ങിയത്. ടിവി വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടിവിയിൽ ചിത്രം കാണാൻ കഴിയാത്ത അവസ്ഥ വന്നു. പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ ആവർത്തിക്കുകയുമായിരുന്നു. ഒമ്പത് തവണയാണ് ഇങ്ങനെ ടിവിക്ക് തകരാറുകൾ സംഭവിച്ചത്. തുടർന്ന് ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയും തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി. ടി. സാബു, മെമ്പർമാരായ ശ്രീജ. എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ടിവിയുടെ വിലയായ 29,500 രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





